Land Acquisition Act 2013

 ഭൂമി ഏറ്റെടുക്കുന്നതിലും, പുനരധിവാസത്തിലും, പുനഃസ്ഥാപനത്തിലും, ന്യായമായ നഷ്ടപരിഹാരത്തിനുംസുതാര്യതയ്ക്കുമുള്ള അവകാശ നിയമം - 2013

(The Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013)

 

കേരളത്തിൽ ഇപ്പോൾ ഭൂമിയ്ക്ക് പൊന്നും വിലയാണ്. കിൻഫ്ര വ്യാവസായിക പാർക്ക്, ഐ.ഐ.ടി. പാലക്കാട്, റെയിൽവേ ഓവർ ബ്രിഡ്ജ്, ആറുവരിപ്പാത, കൊച്ചി ബാംഗളൂരു വ്യവസായിക ഇടനാഴി, കൊച്ചി മെട്രോ, ദേശീയപാതാ വികസനം, കേരളാ റെയിൽവേ എന്നിങ്ങനെ നിരവധി വൻ വികസന പ്രോജക്ടുകൾക്ക് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം ഭാഗമായി സർക്കാരിന് പൊതുജനങ്ങളിൽ നിന്നും ഭൂമി ഏറ്റെടുക്കേണ്ടി വരുന്നു. ഈ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ഒഴിവാക്കാൻ സാധ്യമല്ല. എന്നാൽ ഇതുപോലെയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ഇതുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങൾ പരമാവധി കുറച്ചു ഈ ഭൂമി ഏറ്റെടുക്കൽ നടപടി ക്രമങ്ങളെയെല്ലാം ഏകീകൃതമായ രീതിയിൽ നടപ്പാക്കി ഭൂമി വിട്ടുകൊടുക്കുന്ന ഭൂവുടമയ്ക്ക് പരമാവധി സംരക്ഷണം ഉറപ്പാക്കുകയാണ് 2014 ജനുവരി ഒന്ന് മുതൽ നിലവിൽ വന്ന പുതിയ 2013-ലെ ഭൂമി ഏറ്റെടുക്കുന്നതിലും, പുനരധിവാസത്തിലും, പുനഃസ്ഥാപനത്തിലും, ന്യായമായ നഷ്ടപരിഹാരത്തിനുംസുതാര്യതയ്ക്കുമുള്ള അവകാശ നിയമത്തിന്റെ ലക്‌ഷ്യം.

ജീവനുള്ള നാൾവരെ ഭൂമി മനുഷ്യന്റെതാണ്. മരിച്ചാലോ മനുഷ്യൻ ഭൂമിയുടെതും. ഇതിനിടയ്ക്കുള്ള ജീവിത കാലഘട്ടത്തിൽ മനുഷ്യൻ ആവശ്യങ്ങൾക്ക് അനുസരിച്ചു ഭൂമി ക്രയവിക്രയം നടത്തുന്നു. ജീവിതത്തിൽ മനുഷ്യന് ഭൂമി എത്രമാത്രം പ്രാധാന്യമുള്ളതാണ് എന്ന് പറയേണ്ടതില്ലല്ലോ. മാനവസംസ്കാരം ഉടലെടുത്തത് തന്നെ ഭൂമിയുടെ അവകാശത്തിന്റെ തുടർച്ചയായിട്ടാണ്. ഒരു നിർദ്ദിഷ്ട സ്ഥലത്ത് തുടർച്ചയായി താമസിച്ചു കൃഷി ചെയ്തു ജീവിക്കാൻ തുടങ്ങിയതോടെ മനുഷ്യന്റെ ഭൂമിയിലുള്ള അധികാരവും ആരംഭിച്ചു. പിന്നീട് കൃഷിക്കായി നല്ല ഫലഭൂയിഷ്ഠമായ മണ്ണിന് വേണ്ടിയുള്ള പോരാട്ടവും ആരംഭിച്ചു. ഭൂമി ഒരിക്കലും നശിക്കുന്നില്ല. ഭൂമി ഒരു സ്ഥാവര വസ്തു കൂടിയാണ്. പാരമ്പര്യമായി പിതാവും, പിതാമഹനും, പൂർവ്വ പിതാമഹന്മാരും അധ്വാനിച്ചു പൊന്നു വിളയിച്ച ഭൂമിയോട് വൈകാരികമായ ഒരു ബന്ധം മനുഷ്യന് സഹജമാണ്. കൂടാതെ തന്റെ ഉപജീവനത്തിനായി ആശ്രയിക്കുന്ന ഭൂമി ഇല്ലാതാകുമ്പോൾ ഉണ്ടാവുന്ന അരക്ഷിതാവസ്ഥയും, മാനസിക സംഘർഷങ്ങളും ഒരു മനുഷ്യന്റെ വ്യക്തിജീവിതത്തിലും, കുടുംബജീവിതത്തിലും, സാമൂഹിക ജീവിതത്തിലും വളരെയേറെ സ്വാധീനം ചെലുത്തുന്നു. കിടപ്പാടം ഇല്ലാതാവുക എന്ന് വച്ചാൽ അടുത്ത മാർഗ്ഗം ആത്മഹത്യ എന്ന് ചിന്തിക്കുന്നവരാണ് ഭാരതീയർ. അതുകൊണ്ടാണ് കടം വാങ്ങിയ തുക കൊടുത്തു തീർക്കാനാകാതെ ഭൂമി നഷ്ടപ്പെടും എന്ന അവസ്ഥയിൽ ആളുകൾ ആതമഹത്യയിൽ അഭയം തേടുന്നത്. കടബാധ്യതകൊണ്ട് ആത്മഹത്യ ചെയ്യുന്നവരിൽ മുൻ പന്തിയിൽ നിൽക്കുന്നത് ഭാരതീയരാണ്. അത്രമാത്രം വൈകാരിക ബന്ധമാണ് നമുക്ക് സ്വന്തം ഭൂമിയോട് ഉള്ളത്. നമ്മളെ സംബന്ധിച്ചിടത്തോളം നമ്മൾ കൈവശം വച്ച് ഉപജീവനത്തിനായി ഉപയോഗിക്കുന്ന ഭൂമിയെ അമ്മയായിട്ടാണ് നാം കാണുന്നത്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ പൊതുനന്മയ്ക്കായി സർക്കാരിന് ഭൂമി ഏറ്റെടുക്കേണ്ടി വരും.

ബ്രിട്ടീഷുമാരുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാനായി ആദ്യത്തെ ഭൂമി ഏറ്റെടുക്കൽ നിയമം 1824-ൽ ബംഗാളിൽ ആയിരുന്നു നിലവിൽ വന്നത്. കാരണം അന്ന് ഇന്ത്യ ഭരിച്ചിരുന്നത് ഈസ്റ്റ് ഇന്ത്യാ കമ്പനിയും, കമ്പനിയുടെ ആസ്ഥാനം കൊൽക്കത്തയും ആയിരുന്നു. അതിന് ശേഷം 1850-ലും, 1857-ലും ഈ നിയമം പരിഷ്കരിച്ചു നടപ്പിലാക്കി. പിന്നീട് ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇന്ത്യയിലെ മിക്കവാറും നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷ് ഭരണത്തിൽ കീഴിലായി. അപ്പോൾ ഇന്ത്യമൊത്തം ഒരു ഏകീകൃത നിയമത്തിന്റെ ആവശ്യം വന്നു. അതിന്റെ ഫലമായി 1870-ൽ ബ്രിട്ടീഷ് ഇന്ത്യയിൽ പൊതുവായ ഭൂമി ഏറ്റെടുക്കൽ നിയമം നിലവിൽ വന്നു. അതിന് ശേഷം മുമ്പ് പാസാക്കിയ എല്ലാ ഭൂമി ഏറ്റെടുക്കൽ നിയമങ്ങളേയും അസാധുവാക്കിക്കൊണ്ട് പരിഷ്കരിച്ച നിരവധി വകുപ്പുകളോടെ ഇന്ത്യ മൊത്തം ഒരു പൊതു ഭൂമി ഏറ്റെടുക്കൽ നിയമം 1894-ൽ നിലവിൽ വന്നു. 1894 മുതൽ 2013 വരെ ആ നിയമമായിരുന്നു പ്രാബല്യത്തിൽ ഉണ്ടായിരുന്നത്. ആ നിയമം ബ്രിട്ടീഷുകാർ ഭരിക്കുന്ന സമയത്ത്  പാസാക്കിയതായിരുന്നത് കൊണ്ട് അതിൽ ഭൂവുടമയ്ക്ക് പ്രാധാന്യം ഉണ്ടായിരുന്നില്ല. സർക്കാരിന് ആയിരുന്നു പ്രാധാന്യം. എന്നാൽ പുതിയ 2013-ലെ നിയമത്തിൽ ഭൂവുടമയ്ക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. നിയമത്തിന്റെ കേന്ദ്ര ബിന്ദുവായി പ്രതിഷ്ഠിച്ചിരിക്കുന്നത് ഭൂമി വിട്ടുകൊടുക്കാൻ നിർബന്ധിതനായ ഭൂവുടമയെയാണ്. ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിൽ ഭൂവുടമയ്ക്കനുകൂലമായ രീതിയിൽ ഒരു നിയമനിർമ്മാണം നടന്നത് ഈ നിയമത്തോടെയാണ്.

ഒരു വികസിത രാഷ്ട്രത്തിന് നല്ല റോഡുകളും, വ്യവസായങ്ങളും, വിമാനത്താവളങ്ങളും, ആവശ്യമാണ്. ആ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുക എന്നതും സർക്കാരിന്റെ കർത്തവ്യമാണ്. പരമാവധി സാമൂഹിക, പാരിസ്ഥിതിക ആഘാതങ്ങൾ കുറച്ചുകൊണ്ടാണ് ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിക്കേണ്ടത്. താരതമ്യ പഠനം നടത്തുമ്പോൾ ആഘാതങ്ങൾ കുറവും, പ്രയോജനങ്ങൾ കൂടുതലുമാണെങ്കിൽ ആ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ നിയമാനുസൃതം ആകുന്നു.

ഭൂമി നഷ്ടപ്പെടുമ്പോൾ ഭൂവുടമയ്ക്ക് ന്യായമായ നഷ്ടപരിഹാരവും, പുനഃരധിവാസവും, പുനഃസ്ഥാപനവും, ഈ പ്രക്രിയയിൽ മുഴുവനും സുതാര്യതയും ഉറപ്പു വരുത്തുന്നതാണ് പുതിയ നിയമം. ഒരു സുപ്രഭാതത്തിൽ വന്ന് കുടിയൊഴിപ്പിക്കാൻ സാധ്യമല്ല.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. ആ സിനിമകളിൽ പ്രധാന വിഷയം വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുമ്പോൾ പാവപ്പെട്ട  കർഷകരെയും, ആദിവാസികളെയും എങ്ങനെയാണ് സർക്കാർ ഉദ്യോഗസ്ഥർ വഞ്ചിക്കുന്നത്, വൻകിട ബിസിനസ്സ് ആവശ്യങ്ങൾക്കായി കോർപ്പറേറ്റുകൾ എങ്ങനെയാണ് കുടിയൊഴിപ്പിക്കുന്നത് എന്നൊക്കെയാണ്.

4þmw വകുപ്പനുസരിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഏറ്റവും താഴെക്കിടയിലുള്ള ഗ്രാമ/വാർഡ്തല സാമൂഹിക ആഘാത മൂല്യനിർണ്ണയ പഠനം നടത്തണം. ആ പഠന റിപ്പോർട്ട് പ്രാദേശിക ഭാഷയിൽ പ്രസിദ്ധീകരിക്കണം. പൊതുജനങ്ങൾക്ക് പരിശോധനയ്ക്ക് ലഭ്യമാക്കണം. 5þmw പ്രകാരം പൊതു സ്ഥലത്ത് ഇതുമായി ബന്ധപ്പെട്ട എല്ലാവരിൽ നിന്നും പൊതുവായി വാദം കേട്ടശേഷമാണ് റിപ്പോർട്ട് തയ്യാറാക്കേണ്ടതാണ്. സാമൂഹിക ആഘാത പഠനം, പരിസ്ഥിതി ആഘാത പഠനം, അത് ബന്ധപ്പെട്ട സമിതി അംഗീകരിക്കണം, അതിന് ശേഷം പരസ്പര ധാരണയോടെയുള്ള വിലപേശലിന്റെ അടിസ്ഥാനത്തിൽ വില നിർണ്ണയിക്കുന്നു. അതിന് ശേഷം ഭൂമി കൂടാതെ നഷ്ടപ്പെടുന്ന തൊഴിൽ, മറ്റ് സ്ഥാവര ജംഗമ വസ്തുക്കൾ എന്നിവയ്‌ക്കെല്ലാം ന്യായമായ നഷ്ടപരിഹാരം കൊടുക്കുന്നു. അതോടൊപ്പം ശാരീരികമായും, മാനസികമായും അനുഭവിക്കുന്ന യാതനക്ക് സാന്ത്വനപരിഹാരം ലഭ്യമാക്കുന്നു.

പുനഃസ്ഥാപനം അതായത് ഒരു ഡാം പണിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ ആ ഭൂമിയുടെ അവകാശികളായ ഒരു ഗ്രാമത്തിലെ എല്ലാവരെയും സർക്കാർ നിശ്ചയിക്കുന്ന മറ്റൊരു സൗകര്യപ്രദമായ സ്ഥലത്തു കുടിയിരുത്തുന്നതാണ് പുനഃസ്ഥാപനം.  ഗ്രാമം തന്നെ മറ്റൊരു സ്ഥലത്തേയ്ക്ക് പറിച്ചു നടുന്നു.

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആളുകളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കിൽ സർക്കാരിന് 40þmw വകുപ്പ് പ്രകാരമുള്ള നിബന്ധനകൾ പാലിച്ചു മാത്രമേ ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂ. കാരണം മതിയായ വിദ്യാഭ്യാസമോ, രാഷ്ട്രീയ സ്വാധീനമോ, സാമ്പത്തികസ്ഥിരതയോ ഇല്ലാത്ത പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യത ഏറെയാണ്. അതിൽ ഒരു നിബന്ധന പട്ടികജാതി വർഗ്ഗ വിഭാഗങ്ങളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കിൽ നഷ്ടപരിഹാരത്തിന്റെ മൂന്നിലൊന്ന് തുക ഉടനെ കൈമാറണം എന്നാണ്. ബാക്കി തുക പിന്നീട് ഭൂമി സർക്കാരിന്റെ കൈവശത്തിൽ ഏറ്റെടുത്തതിന് ശേഷം കൊടുത്താൽ മതി. കർഷകർ ആണെങ്കിൽ അവരുടെ ഉപജീവനം നഷ്ടമാകും. അപ്പോൾ അങ്ങനെയുള്ളവർക്ക്, അല്ലെങ്കിൽ അവരുടെ മക്കൾക്ക് ആ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന സ്ഥാപനത്തിൽ ജോലി നൽകുന്നു. ഇതാണ് പുനഃരധിവാസം.

ജാതിയുടെ അടിസ്ഥാനത്തിൽ ചെറു സമൂഹങ്ങളായി ജീവിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ പെട്ടെന്ന് മറ്റു സമൂഹങ്ങളുമായി ഇടകലർന്ന് ജീവിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. അതുപോലെ ഇന്നും ഇന്ത്യയിൽ ജാതിവിവേചനം നിലനിൽക്കുന്നു എന്നുള്ളതും ഒരു യാഥാർഥ്യമാണ്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ സർക്കാർ തന്നെ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ എല്ലാവരെയും ഒരുമിച്ചു മറ്റൊരു സ്ഥലത്ത് ഒരുമിച്ചു ജീവിക്കാൻ കഴിയുന്ന തരത്തിൽ അവരുടെ ഗ്രാമം അഥവാ ബസ്തി തന്നെ പുനഃസ്ഥാപിക്കുന്നു. അവിടെ അംഗൻവാടി, ഹെൽത്ത് സെന്റർ, ക്ഷേത്രം, കമ്യൂണിറ്റി ഹാൾ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ എല്ലാമൊരുക്കിക്കൊടുക്കേണ്ടത് സർക്കാറിന്റെ ധാർമ്മിക ബാധ്യതയാണ് കാരണം അവരുടെ വംശീയ, ഭാഷാപരമായ, സാംസ്‌കാരിക തനിമകൾ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ ചുമതലയാണ്. എന്നാൽ  ഭൂമി ഏറ്റെടുക്കൽ ആവശ്യം കഴിഞ്ഞാൽ അതോടെ ഈ ഭൂമി നഷ്ടപ്പെട്ട ആളുകളുടെ ആവശ്യങ്ങൾക്ക് നേരെ സർക്കാർ ഉദ്യോഗസ്ഥർ മുഖം തിരിക്കുന്നതുകൊണ്ട് ഈ വിഭാഗക്കാർ പിന്നീട് സർക്കാരുമായി സംഘർഷത്തിലേക്ക് നീങ്ങുന്നു.

പലപ്പോഴും നിർധനരായ, നിഷ്കളങ്കരായ ഗ്രാമീണരെ പറഞ്ഞു പ്രലോഭിപ്പിച്ച് സർക്കാർ ഉദ്യോഗസ്ഥർ ഭൂമി സർക്കാരിലേക്ക് ഏറ്റെടുക്കുന്നു. മതിയായ നഷ്ടപരിഹാരമോ, രേഖകളോ ഒന്നും കൊടുക്കാറില്ല. പിന്നീട് ഇത് സംബന്ധിച്ച തർക്കങ്ങൾ ഉന്നയിക്കാൻ അവർക്കൊരിക്കലും സാധിക്കാത്തവിധം അവരിൽ നിന്നും രേഖകൾ കൈക്കലാക്കുന്നു. എന്നാൽ ഇങ്ങനെയുള്ള അവകാശ തർക്കങ്ങൾ വരുമ്പോൾ തുക കോടതിയിൽ കെട്ടി വയ്ക്കുന്നു. അതുപോലെതന്നെ സർക്കാർ നിശ്ചയിക്കുന്ന തുക അപര്യാപ്തമാണെന്ന് ഭൂവുടമ പറഞ്ഞാൽ അല്ലെങ്കിൽ നഷ്ടപരിഹാരത്തുക കൈപ്പറ്റാൻ വിസമ്മതിച്ചാൽ ആ തുക കളക്ടർ കോടതിയിൽ കെട്ടി വയ്ക്കുന്നു. പിന്നീട് ഈ തുക ലഭിക്കാൻ ഭൂവുടമയ്ക്ക് കോടതിയെ സമീപിക്കേണ്ടിവരും.

തൽപരകക്ഷികൾ കളക്ടർ പാസാക്കിയ അവാർഡ് ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ വകുപ്പ് 64 പ്രകാരം ഏറ്റെടുക്കൽ അധികാരിയായ കളക്ടർ ആ കാര്യകാരണങ്ങൾ സൂചിപ്പിച്ചുകൊണ്ട് ഭൂമിയെ സംബന്ധിച്ച എല്ലാ വിവരണങ്ങളും സഹിതം 30 ദിവസത്തിനകം അതോറിറ്റിയുടെ ചുമതല വഹിക്കുന്ന ജില്ലാ ജഡ്ജിയുടെ മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുന്നു. റഫറൻസ് അതോറിറ്റി അഥവാ ജില്ലാ ജഡ്ജി വകുപ്പ് 66 പ്രകാരം ഈ ഭൂമി തർക്കവുമായി ബന്ധപ്പെട്ട എല്ലാ തൽപരകക്ഷികൾക്കും നോടീസ് അയച്ചു നടപടിക്രമങ്ങൾക്ക് തുടക്കമിടുന്നു. തൽപരകക്ഷികളുടെയും, ഭൂമി ഏറ്റെടുക്കൽ അധികാരിയുടെയും വാദങ്ങൾ കേട്ട് റഫറൻസ് അതോറിറ്റി ഭൂമിയുടെ അവകാശവാദവും, നഷ്ടപരിഹാരത്തുകയുടെ അപര്യാപ്തതയും നിർണ്ണയിച്ചു അവാർഡ് വിധി പ്രസ്താവിക്കുന്നു.

വകുപ്പ് 74 പ്രകാരം അതോറിറ്റിയുടെ അവാർഡിൽ സംതൃപ്തനല്ലാത്ത ഏതൊരു തൽപരകക്ഷിയ്ക്കും ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ അവകാശമുണ്ട്. അവാർഡ് പാസാക്കി 60 ദിവസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കേണ്ടതാണ്. എന്നാൽ മതിയായ കാരണങ്ങൾ ബോധ്യപ്പെടുത്തുന്നപക്ഷം അപ്പീൽ സമർപ്പിക്കുന്നതിനായി വീണ്ടും 60 ദിവസം കൂടി അനുവദിക്കുന്നതാണ്.

വകുപ്പ് 84 പ്രകാരം തെറ്റായ വിവരങ്ങൾ നൽകി ഗുണഫലങ്ങൾ കൈപറ്റിയാൽ ആറുമാസം വരെ തടവോ, ഒരു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടുമോ ലഭിക്കാം.

വകുപ്പ് 87 പ്രകാരം ഒരു സർക്കാർ വകുപ്പാണ് കുറ്റക്കാരെങ്കിൽ ആ വകുപ്പിന്റെ തലവനെതിരെ കേസ് എടുക്കാവുന്നതാണ്.  എന്നാൽ ഭൂമി തട്ടിപ്പ്, ഈ നിയമവുമായി ബന്ധപ്പെട്ട പ്രക്രിയകളിൽ സർക്കാർ ഉദ്യോഗസ്ഥർ ക്രമവിരുദ്ധമായി ഇടപെട്ടാൽ ആ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികൾക്ക് നിയമം വ്യവസ്ഥ ചെയ്യുന്നു. 88, 89 വകുപ്പുകൾ പ്രകാരം ഈ നിയമവുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളും നോൺ കോഗ്നിസൻസ് അതായത് പൊലീസിന് നേരിട്ട് ഇടപെടാൻ കഴിയാത്തതും, ഒന്നാം ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ അനുവാദത്തോടെ മാത്രം അന്വേഷണം നടത്തേണ്ടതും, വിചാരണ ഒന്നാംക്‌ളാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ നടത്തേണ്ടതുമാണ്. 

ഈ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 96þmw വകുപ്പ് പ്രകാരം ഭൂവുടമയ്ക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തിന് നികുതികളോ, ആധാരം രജിസ്‌ട്രേഷൻ നടത്തുമ്പോൾ ഫീസോ, ഡ്യൂട്ടിയോ, ആധാരപ്പകർപ്പിന്‌ തുകയോ ഒടുക്കേണ്ട ആവശ്യമില്ല. ഭൂമിയിന്മേലുള്ള തന്റെ അവകാശം തെളിയിക്കാൻ ഒറിജിനൽ ആധാരം ഇല്ലെങ്കിൽക്കൂടി സാക്ഷ്യപ്പെടുത്തിയ പകർപ്പ് തെളിവായി സ്വീകരിക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. എന്ത് ആവശ്യത്തിന് വേണ്ടിയാണോ സർക്കാർ നോട്ടിഫിക്കേഷൻ പ്രകാരം ഭൂവുടമയിൽനിന്നും ഭൂമി ഏറ്റെടുത്തത്, ആ ആവശ്യത്തിനായി ഭൂമി ഉപയോഗിക്കുന്നതിൽവീഴ്ച വരുത്തിയാൽ ടി ഭൂമി ഭൂവുടമയ്ക്ക് തന്നെ മടക്കി നൽകുകയോ, സർക്കാരിന്റെ ലാൻഡ് ബാങ്കിൽ ഉൾപ്പെടുത്തുകയോ വേണമെന്ന് 101þmw വകുപ്പ് നിഷ്കർഷിക്കുന്നു.

എന്ത് ആവശ്യത്തിന് വേണ്ടിയാണോ ഭൂമി ഏറ്റെടുത്തത് അതിനു വേണ്ടി ഭൂമി ഉപയോഗിക്കാതെ ഏറ്റെടുത്ത ഭൂമി അഞ്ചു വർഷത്തിനകം കൂടിയ വിലയ്ക്ക് കൈമാറ്റം ചെയ്യുകയാണെങ്കിൽ കൈമാറ്റവിലയുടെ നാൽപ്പതു ശതമാനം തുക ആദ്യം ഭൂമി വിട്ടുകൊടുത്ത ഭൂവുടമയ്‌ക്കോ, അദ്ദേഹത്തിന്റെ നിയമപരമായ അവകാശിക്കോ ലഭ്യമാക്കുന്നതിനും ഈ നിയമത്തിൽ 102þmw വകുപ്പിൽ വ്യവസ്ഥ ചെയ്യുന്നു.

പുതിയ ഭൂമി ഏറ്റെടുക്കൽ നിയമത്തിനെക്കുറിച്ചുള്ള അവബോധം ഇല്ലാത്തതിനാൽ നിരവധി ഭൂവുടമകൾ ഉദ്യോഗസ്ഥ തലത്തിലുള്ള ചൂഷണങ്ങൾക്ക് ഇരയാകുന്നു. ആ ചൂഷണങ്ങൾ പൂർണ്ണമായും ഇല്ലാതാക്കാൻ പുതിയ ഭൂമി ഏറ്റെടുക്കൽ നിയമത്തെക്കുറിച്ച് സാധാരണ ആളുകളെ ബോധവൽക്കരിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ബോധവൽക്കരിക്കേണ്ട ആളുകൾ തന്നെ തെറ്റിദ്ധാരണ പരത്തി ഭൂവുടമകൾക്കിടയിൽ പരിഭ്രാന്തിയും, അരക്ഷിതത്വവും  സൃഷ്ടിക്കുന്നു. ഇന്ത്യയിൽ ഇപ്പോഴും 70 ശതമാനം ആളുകളുടെ പ്രാഥമിക ഉപജീവനമാർഗ്ഗം അഥവാ ജീവിതവൃത്തി കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വികസനത്തിന്റെ പേരിൽ ഭൂമി ഏറ്റെടുക്കുമ്പോൾ ഏറ്റവും കൂടുതൽ ആഘാതങ്ങൾ അനുഭവിക്കുന്നത് ഈ 70 ശതമാനത്തിലുൾപ്പെട്ട കൃഷിക്കാരാണ്. അതുകൊണ്ടുതന്നെ ശക്തമായ നിയമനിർമ്മാണത്തിലൂടെ മാത്രമേ ഈ ഉപജീവനം നഷ്ടപ്പെടുന്ന കർഷകരെ സഹായിക്കാൻ കഴിയൂ. അല്ലെങ്കിൽ നിയമത്തിന്റെ പഴുതുകൾ മുതലെടുത്തു സർക്കാർ സംവിധാനങ്ങളെ വിലക്കെടുത്തു നിയമം അട്ടിമറിച്ചു "അഭിനവ ആലുവാ ചാണ്ടിമാർ" ഭൂമിയുടെ രാജാക്കന്മാരായി അരങ്ങുവാഴും. 2006-ൽ ബംഗാളിലെ സിംഗൂരിൽ ടാറ്റാ നാനോ കാർ പ്ലാന്റിന് വേണ്ടിയുള്ള 997 ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടികളിൽ കൃഷിഭൂമി നഷ്ടപ്പെട്ട പരിഭ്രാന്തരായ കർഷകർ പ്രതിഷേധിച്ചതും, ആ പ്രതിഷേധം ബംഗാൾ സർക്കാർ തോക്കുകൊണ്ട് നേരിട്ടതും, കർഷകരുടെ രക്തച്ചൊരിച്ചിലിൽ അവസാനിച്ചതും നാം കണ്ടു കഴിഞ്ഞു. ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ ഇത്തരം കളങ്കങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ കൂടി ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് 2013-ലെ പുതിയ ഭൂമി ഏറ്റെടുക്കുന്നതിലും, പുനരധിവാസത്തിലും, പുനഃസ്ഥാപനത്തിലും, ന്യായമായ നഷ്ടപരിഹാരത്തിനുംസുതാര്യതയ്ക്കുമുള്ള അവകാശ നിയമം.    

▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸

അഡ്വ രതീഷ് ഗോപാലൻ

Mobile.9085078742

ലേഖകൻ ലാൻഡ് അക്വിസിഷൻ വിക്‌ടിംസ് അസോസിയേഷൻ (ലാവാ)  എന്ന കൂട്ടായ്മയുടെ ലീഗൽ അഡ്വൈസറാണ്.

▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸

 

 

 

 

 

Comments